Monday, February 16, 2026

വിലക്കപ്പെട്ട വിഹിതങ്ങൾ

പ്രണയം മാത്രമല്ല ലോകത്തുള്ളതെന്നു തിരിച്ചറിയാൻ എന്തേ വൈകിപ്പോയി? ഓർമ്മകൾ നൽകുന്ന കുളിരു മാത്രമല്ല ജീവിതമെന്നും.. 

രാത്രിയുടെ ഇരുളിമയിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു അവൾ. പഴക്കം കൊണ്ട് പരിചിതമായിത്തീരുന്ന ഇരുട്ടിൽ പല ദൃശ്യങ്ങളും നിഴൽ രൂപങ്ങളും മങ്ങി മറയുന്നുണ്ട്. ഫ്ലാറ്റിന്റെ പത്തൊൻപതാമത്തെ നിലയിലേക്ക് വീശിവരുന്ന കാറ്റിൽ ഒരു ശ്വാനന്റെ കുര വളരെ അടുത്തെന്ന പോലെ കേൾക്കാം. ദൂരെ അടച്ചിട്ട ഒരു കടയുടെ മുന്നിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന അവനെയും കാണാം സൂക്ഷിച്ചു നോക്കിയാൽ... അവൻ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. രാത്രി പൊതുവിൽ പുരുഷന്മാർക് അവകാശപെട്ടതത്രേ..!

പൊതുവിൽ നിശബ്ദതയാണ്. ഒരിക്കൽ അത്യധികം അഭിവാജ്ഞയോടെ മാത്രം ആഗ്രഹിച്ചിരുന്ന നിശബ്ദത, ഇന്ന് പക്ഷേ അസഹിഷ്ണുതയാണുണ്ടാക്കുന്നത്. എന്തിനോടെന്നില്ലാത്ത പ്രതിഷേധം. അസ്വസ്ഥത. പക്ഷെ ആരെയും കുറ്റപ്പെടുത്താനാകാത്ത, സ്വയം കുറ്റവാളിയായി നിൽക്കേണ്ടി വരുമ്പോളുള്ള ഒറ്റപ്പെടൽ. 

ഭർത്താവിന്റെ പ്രതിഷേധ സ്വരങ്ങളും, മകളുടെ വാശിക്കരച്ചിലുമെല്ലാം തന്നിലേക്കു എത്താതെ ഒതുക്കപ്പെടുകയാണ്. തന്റെ തെറ്റുകൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതെങ്ങിനെ ഉൾകൊള്ളണമെന്നും എങ്ങിനെ ജീവിതചക്രം വീണ്ടും മുന്നോട്ടുരുട്ടണമെന്നും, വീടിന്റെ അകത്തളത്തിനു പോലും സംശയമുള്ളത് പോലെ. ആകെ ഒരു സ്തംഭനാവസ്ഥ. 

അകലെയെന്ന പോലെ ഒരു രാത്രി ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്. ഒതുക്കിക്കൂട്ടലുകൾക്കും, കാട്ടികൂട്ടലുകൾക്കും ഒടുവിൽ അന്നത്തെ പ്രാരാബ്ധമൊടുക്കി ഓഫീസ് വീട്ടിറങ്ങിയത്.

ടു വീലറിൽ ചീറിപ്പാഞ്ഞു ആളൊഴിഞ്ഞ വഴിത്താരയിലൂടെ പോകുമ്പോൾ എങ്ങുനിന്നെന്നില്ലാതെ ഒരു മഴ ആർത്തലച്ചു പെയ്തത്. 

അരിച്ചിറങ്ങുന്ന തണുപ്പ് മരവിപ്പ് പോലെ ശരീരമാകെ പടർന്നു കയറിയത്. 

കണ്ണിൽ ഇരുട്ട് കയറുന്നുണ്ടെന്ന തിരിച്ചറിവിൽ ഉച്ചക്ക് കഴിക്കാതെ ജോലിയിൽ ശ്രെദ്ദിക്കേണ്ടി വന്ന നിമിഷത്തെ ശപിച്ചത്. 

മുന്നോട്ടു പോകേണ്ടുന്ന വഴി പൊളിച്ചിട്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ, എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകച്ചു നിന്നത്.  

അന്നാണ്, ആദ്യമായി, ശ്രെദ്ധിക്കത്തക്ക വിധത്തിൽ അയാളെ കാണുന്നത്. ആയിരങ്ങൾ ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിൽ, ഇടയ്ക്ക് എപ്പോഴെല്ലാമോ കണ്ടുമുട്ടിയിട്ടുണ്ടാകാവുന്ന ഒരു മുഖം..

കാർ ഒതുക്കി നിർത്തി, താൻ ഓക്കെ ആണോ എന്ന ചോദ്യത്തിന്, വിലങ്ങനെയുള്ള ഒരു തലയാട്ടൽ മാത്രമായിരുന്നു ഉത്തരം. സ്കൂട്ടറിനെ വഴിയിൽ നിന്ന് മാറ്റി ഓരത്തു ഒതുക്കിയതും, തന്നെ താമസസ്ഥലത്തു കൊണ്ട് വിട്ടു തിരിച്ചുപോയതുമെല്ലാം, ഒരിടത്തുനിന്നും കിട്ടാത്ത കരുണയുടെ ഉറവ പോലെ, ഉള്ളിൽ തിങ്ങി നിറയുന്നുണ്ടായിരുന്നു..

പിന്നീട് ഇടയ്ക്കു എപ്പോഴെല്ലാമോ ഉള്ള കണ്ടുമുട്ടലുകൾ. രണ്ടു കാഴ്ചകൾക്കിടയിൽ കൂട്ടിമുട്ടിയ മിഴിയിണകൾ, എപ്പോളാകാം എന്നുതൊട്ടാകാം, പരസ്പരം ശ്രെദ്ധിച്ച് തുടങ്ങിയത്. 

എന്തുകൊണ്ടാകാം സ്ത്രീകൾ, അവഗണനയുടെ അങ്ങേപുറത്തിൽ, ഒരല്പം സ്നേഹവും ശ്രെദ്ധയും വെച്ചുനീട്ടുന്ന പുരുഷനിലേക്ക് വെറുതേ ആകർഷിക്കപ്പെടുന്നത്? അനുഭവങ്ങൾ ഒരു പാഠവും പകർന്നു നല്കാത്തത് കൊണ്ടാണോ?

സ്നേഹത്തിനു പ്രായവും പദവിയും ബന്ധങ്ങളുടെ കെട്ടുപാടുകളും ഒന്നും ഒരു പ്രതിബന്ധമല്ലത്രെ! മുന്നോട്ടു പോകുന്ന കാലത്തിന്റെ ഒഴുക്കിൽ, അയാളുടെ നരവീണ മുടിയിഴകൾക്കിടയിൽ, അവൾ-തന്റെ വിറങ്ങലിച്ചു നിൽക്കുന്ന യുവത്വം തിരയുകയായിരുന്നു.. 

അയാൾ, അയാളുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ, സ്വന്തം ഭാര്യയോടൊത്തു ചിലവഴിക്കുന്ന, നിമിഷങ്ങളെക്കുറിച്ചോർത് വേവലാതിപ്പെട്ട ദിവസം.. അന്നായിരുന്നു തുടക്കം. 

ആ തുടക്കത്തിനു കുട പിടിച്ചു എത്രയോ ദിനങ്ങൾ.. ഇനിയൊരു മടക്കമില്ലെന്നു ഉറപ്പിക്കുന്ന ചില ബന്ധങ്ങളില്ലേ. പക്ഷെ പെട്ടന്നൊരു ദിവസം അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വരുന്നവ. 

എല്ലാവരും അറിഞ്ഞു എന്നും, ഒരു തീരുമാനമെടുക്കാതെ ഇനി മുന്നോട്ട് എന്നൊന്നില്ല എന്നുമെത്തുന്ന ഒരു അവസാനിപ്പിക്കലിന്റെ നിമിഷം. അവിടെ വെച്ച്, സങ്കല്പത്തിന്റെ കുമിള പൊട്ടിച്ചിതറുകയും, ജീവിതത്തിന്റെ യാഥാർഥ്യം പല്ലിളിച് കാണിക്കുകയും ചെയ്യുന്നു..!

എത്രയെത്ര പ്രണയങ്ങൾ നിങ്ങളിലൂടെ കടന്നു പോയിരിക്കുന്നു, അവയെല്ലാം നിങ്ങളിന്നും ജീവിക്കുന്നുണ്ടോ, എന്ന അയാളുടെ ചോദ്യത്തിൽ തകർന്നു പോയിരുന്നു പലതും.. 

നമുക്കിനി മുന്നോട്ടെന്നൊന്നില്ല, എന്ന, ഭർത്താവിന്റെ തീരുമാനത്തിൽ, നിലച്ചു പോയ നിമിഷം. മകളെയും വാരിപെറുക്കി അടുത്ത മുറിയിൽ ആൾ കയറി വാതിലടച്ചു, അവളെ താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചത്.. മണിക്കൂറിന്റെ പരിശ്രമത്തിനപ്പുറം അമ്മ അമ്മ എന്ന അലറിക്കരച്ചിലിൽ, പരാജിതനായി, വീർപ്പുമുട്ടി, പൊട്ടിക്കരഞ്ഞു, നീയില്ലാതെ വയ്യ എന്നവൻ കരഞ്ഞ നിമിഷം.

വിപ്ലവങ്ങളെല്ലാം അവിടെ അവസാനിക്കുന്നവ ആയിരുന്നു.. 

മനസിലാകാത്തതെന്തെന്നാൽ- ബാധിക്കപ്പെട്ടവൾ താനാണെന്നതാണ്.. ഒരേ കുറ്റം ചെയ്ത രണ്ടു പേരിൽ ഒരാൾക്ക് പരിവേഷവും, വേറൊരാൾക് വിരൽ ചൂണ്ടലും ലഭിക്കുന്നതെന്താണെന്നാണ്.. 

തനിക്കു ദൂരേക്കു ഒരു ട്രാൻസ്ഫർ ഉം സഹപ്രവർത്തകരുടെ കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ, അയാൾക്ക്‌ ലഭിച്ച സ്ഥാനക്കയറ്റം, എന്തോ മനസിനെ മഥിച്ചുകൊണ്ടിരുന്നു.. 

സ്നേഹം നിസ്വാർത്ഥമാണെന്ന് പറഞ്ഞതാരാണ്?? അവർ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടാകുമോ??

Saturday, February 14, 2026

പ്രണയത്തിന്റെ മണം

പ്രണയത്തിനന്നു ആശുപത്രി വരാന്തയിലെ തിരക്കിന്റെ മണമായിരുന്നു.. 
ആൾക്കൂട്ടം വമിപ്പിക്കുന്ന 
മടുപ്പിക്കുന്ന മണം... 

ഹൃദയത്തിന്റെ ഒരു കോണിൽ
നനുത്തൊരു സ്പർശമായ്
കടന്നു വന്നു, നിർവൃതിയുടെ
അത്യുന്നതങ്ങളിൽ എത്തിച്ച പ്രണയം..

വരാന്തയിൽ ഒരു മൂലയിൽ 
നിന്ന് സുഗന്ധം പരത്തി,
ഞാനിവിടെയുണ്ടെന്നു പറയാതെ പറഞ്ഞിരുന്ന കുടമുല്ല പോലെ,

ഉറക്കത്തിലാണ്ട സർഗ്ഗശേഷിയിൽ ചെറുമഴ പോലെ പുണർന്നിറങ്ങി,
മുള വീണൊരു ചെറുമരമായി 
വളർത്തിയ പോലെ...

ഉയിരേകി, വളർത്തി, ഉയർത്തിയെടുത്തു,
വീണ്ടും ആഴത്തിലേക്കു തള്ളിയിട്ട പോലെന്റെ പ്രണയം. 

ഒരു പാതി കൊണ്ട് അനുതപിക്കുമ്പോളും 
ഹൃദയത്തിന്റെ മറുപാതി
ഇവിടെ നിന്നൊന്നു രക്ഷിക്കൂ 
എന്ന് വിളിച്ചു ചൊല്ലുന്നൊരിടം പോലെ, 
മാറ്റപ്പെട്ടു പോയിരിക്കാം ഇന്ന്.. 

അതാകാം, പ്രണയം അതിന്റെ ചൂടും ചൂരും വശ്യതയും കൊണ്ട് വരിഞ്ഞു മുറുക്കുമ്പോളും-
അനിവാര്യമെങ്കിലും,
കടന്നുചെല്ലാൻ മടി തോന്നുന്ന പോലെ 
ചില ഗന്ധങ്ങൾ, നമ്മെ ഭയപ്പെടുത്തുന്നത്.. 

വിലക്കപ്പെട്ട വിഹിതങ്ങൾ

പ്രണയം മാത്രമല്ല ലോകത്തുള്ളതെന്നു തിരിച്ചറിയാൻ എന്തേ വൈകിപ്പോയി? ഓർമ്മകൾ നൽകുന്ന കുളിരു മാത്രമല്ല ജീവിതമെന്നും..  രാത്രിയുടെ ഇരുളിമയിലേക്ക് ...