Saturday, February 21, 2026

ഇടം

എഴുതുവാൻ ഒരിടമില്ലാതെ,
ഞാൻ പൂട്ടിവെച്ച 
എന്റെ വാക്കുകളെ പറ്റിയാണ്..
വർഷങ്ങൾ നീണ്ട 
പൂഴ്ത്തിവെയ്ക്കലുകളെ 
പറ്റിയാണ്..

കേൾക്കുമ്പോൾ നിങ്ങൾ 
ചിരിച്ചു തള്ളുന്ന 
എന്റെ പരിവേദനങ്ങളെ പറ്റി..
ചിലപ്പോൾ പുച്‌ഛം കൊണ്ട് 
മുനയൊടിച്ചു കളയുന്ന 
എന്റെ നെടുവീർപ്പുകളെ പറ്റി..

കയ്യിലെടുക്കുന്ന പേനയെ,  കോലാഹലങ്ങൾക്കിടയിൽ 
തിരികെ വെയ്ക്കേണ്ടുമ്പോൾ 
ഉള്ളിലെങ്ങോ മറന്നടങ്ങുന്ന
വാക്കുകൾ..

ചില ധ്വനികൾ കുത്തലുകളായി 
ചെവിയിലൂറുമ്പോൾ അടർന്നു 
വീഴാതെ ഞാൻ സൂക്ഷിക്കുന്ന
ചില കണ്ണുനീർതുള്ളികൾ പോലെ..

മൊബൈലിന്റെ ഇത്തിരി വെട്ടത്തിൽ ഉറക്കങ്ങളെ ഖൺഡിക്കാതെ 
ഞാനെന്റെ വാക്കുകൾക്ക് 
പിറവി നൽകുമ്പോൾ 
എനിയ്ക്കായ് ഒരിടമില്ലാത്തതിനെ
പറ്റി, ഞാൻ വീണ്ടും വീണ്ടും
ഓർമ്മിപ്പിക്കുന്നു.. 

നിങ്ങളപ്പോൾ പൊട്ടിച്ചിരിക്കുകയും 
അകലങ്ങൾ നമുക്കിടയിൽ അകലമായിത്തന്നെ 
തുടരുകയും ചെയ്യുന്നു.. 

No comments:

Post a Comment

പ്രണയത്തിന്റെ ഒളിയിടങ്ങൾ

പ്രണയിച്ചിട്ടുണ്ടോ??? പ്രണയിക്കാനായി വേണ്ടി മാത്രമായി പ്രണയിച്ചിട്ടുണ്ടോ??? ഒരുവനെ മോഹിക്കാതെ, അവനെ ജീവിതത്തിൽ കൂട്ടണമെന്നില്ലാതെ, അവനെ ഒരിക...