ആഴ്ചയിലെ ഒരേ ഒരു ശനിയാഴ്ചയാണ്.. നാളെ ഞായർ, അവധി ദിവസം.. പതിവുപോലെ രേണു, മനസിനുള്ളിൽ ഒന്നൊന്നായി അടുക്കി പെറുക്കാൻ തുടങ്ങി..
നമ്മുടെ രേണു ഒരു ബാങ്കിൽ ക്ലാർക്ക് ആണ്.. സന്ദർഭവശാൽ ഭർത്താവിന്റെ വീടിനടുത്തുനിന്ന് ഒരു മൂന്ന് മണിക്കൂർ ദൂരെയാണ് ജോലിസ്ഥലം.. ട്രെയിൻ ഇറങ്ങി ബസ് മാർഗം സഞ്ചരിക്കേണ്ടുന്ന ദൂരം കണക്കാക്കിയാൽ മൂന്നര മണിക്കൂർ.. അതുകൊണ്ട് തന്നെ ഒരു ഹോസ്റ്റലിൽ അന്തേവാസി ആയി കൂടിയിരിക്കുന്നു.. സാധാരണ ഗതിയിൽ ക്ലർക്കുമാർക്ക് വീടിനടുത്താണ് പോസ്റ്റിങ്ങ് കിട്ടാറെങ്കിലും മാനേജ്മെന്റ് ഉം യൂണിയൻ ഉം തമ്മിലുള്ള ബലം പിടുത്തത്തിൽ ബലിയാടു ആകേണ്ടി വന്ന ഒരു പാവം..
ഭർത്താവ് വരുൺ ഒരിടത്തരം ബിസിനസ് കാരൻ ആണ്.. ഇടത്തരം ആയതുകൊണ്ട് തന്നെ ഭാര്യയോട് ജോലി വേണ്ടെന്നു നിർബന്ധിച്ചു വീട്ടിൽ നിർത്താൻ തുനിയുന്നില്ലെന്നു മാത്രമല്ല, ജോലി നിർത്തിയാലോ എന്ന് ചോദിക്കുന്ന ഭാര്യയോട്, കുടുംബത്തിന്റെ നല്ലതിന് വേണ്ടി ഒന്ന് ക്ഷമിക്കു എന്ന് പറയുന്ന ഒരു സാധാരണ ഭർത്താവ്.. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല..
മകൻ രണ്ടര വയസ്സുകാരൻ വിയാൻ.. തല്കാലത്തേക് രേണു വിന്റെ വീട്ടിൽ അമ്മയോടും അച്ഛനോടും ഒപ്പം താമസം.. വരുണിന് ജോലിതിരക് ഉള്ളതിനാലും, അച്ഛൻ നോക്കിയാൽ കുഞ്ഞുങ്ങൾ ശരിയായി വളരില്ലാത്തതിനാലും അമ്മയുടെ വീട്ടിൽ നിന്ന് വളരുന്നു..
നമുക്ക് തിരികെ രേണുവിന്റെ അടുക്കി പെറുക്കലിലോട്ടു വരാം..
ഈ ആഴ്ച എന്തായാലും നേരത്തെ മോന്റെ അടുത്ത് എത്തണം, പാവം പാല് കുടിക്കണ പ്രായത്തിൽ അമ്മയെ കാണാതെ ഇരിക്കുന്നെ അല്ലെ.. അവൻ മറന്നു പോവോ ആവോ അമ്മ ആരാണെന്നു. അവനെ പറഞ്ഞിട്ട് കാര്യമില്ല ആഴ്ചയിൽ കുറച്ചു മണിക്കൂർ മാത്രം അല്ലെ കാണുന്നുള്ളൂ ആകെ.. കഴിഞ്ഞ ആഴ്ച എന്തായാലും അവന്റെ ഒപ്പം ഒട്ടും സമയം കിട്ടിയില്ല.. യാത്രയും ഒതുക്കലും, പണികളും ആയിട്ട് അവനെ ഒന്ന് മര്യാദക്ക് കൊഞ്ചിക്കാൻ പോലും പറ്റിയില്ല.. ഈ ആഴ്ച എന്തായാലും അതു വയ്യ..
അവന്റെ കൂടെ കളിക്കണം കുറെ നേരം. അവനെ കൊണ്ട് പുറത്തു ഒകെ ഒന്ന് പോകണം.. പാർക്ക് ഒകെ കാണിക്കണം.. കുറച്ചു ഉടുപ്പ് ഒകെ എടുക്കണം.. കഥ പറഞ്ഞു ഊണ് കൊടുക്കണം.. എല്ലാത്തിനും വരുണിന്റെ വീട്ടിൽ ചെന്നാൽ ഉടൻ തന്നെ ഇറങ്ങണം അവന്റെ അടുത്തേക്ക്. ഒരു കാര്യം ചെയാം വരുണിനോട് റെഡി ആയി ഇരിക്കാൻ പറയാം. അതാകുമ്പോൾ നേരെ ചെന്ന് ബാഗ് വെച്ചിട്ടു ഇറങ്ങാമല്ലോ.. അങ്ങിനെ അങ്ങിനെ പ്ലാനിങ് കഴിഞ്ഞ് സമയം ഏതാണ്ട് 3.45..
4മണിക്ക് ക്യാഷ് ക്ലോസ് ചെയ്താൽ മാനേജർനോട് ഇറങ്ങിക്കോട്ടെ എന്ന് ചോദിക്കാം.. ട്രെയിൻ 4.45 നു ആണ്.. വൈകിയാൽ ചിലപ്പോൾ ട്രെയിൻ മിസ്സ് ആകും പിന്നെ ഈ ആഴ്ച വീട്ടിൽ പോകാൻ പറ്റുമോ എന്ന് അറിയില്ല.. ഇതിനു മുന്നേ സംഭവിച്ചിട്ടുണ്ട് അങ്ങിനെ..
4 മണിക്ക് ഇറങ്ങാൻ നേരം മാനേജർ അധികം ഒന്നും പറഞ്ഞില്ല.. എല്ലാവരും ദൂരെ നിന്നുള്ളവർ തന്നെയാ, ചിലർ മാത്രം നേരത്തെ ഇറങ്ങുന്നത് ആർക്കും അത്ര പിടിക്കില്ല എന്ന് മാത്രം പറഞ്ഞു നിർത്തി..
ട്രെയിൻ ഓൺ ടൈം ആയിരുന്നു.. 4.50 നു സ്റ്റേഷൻ ഇൽ എത്തി.. പതിവിലും നേരത്തെ വീടിനടുത്തുള്ള സ്റ്റേഷൻ ഇൽ ഇറങ്ങാൻ പറ്റിയപ്പോൾ അവൾക്കു വളരെ സന്തോഷം തോന്നി.. ഒരു ദിവസമെങ്കിലും തന്റെ പ്ലാൻ അനുസരിച്ചു കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ.. ഓട്ടോ പിടിച്ചു വീട് എത്തിയപ്പോൾ 7.45 ആകുന്നെ ഉള്ളു..
ആ നീ വന്നോ രേണു, ഇന്ന് നേരത്തെ ആണല്ലോ.. അമ്മായിഅമ്മ ആണ്.. വരുൺ വന്നു കയറിയിട്ടേ ഉള്ളൂ.. നീ അവനു ഒരു ചായ ഇട്ടു കൊടുക്ക്.. നീയും കുടിച്ചോ എന്നിട്ട് പോകാൻ നോക്ക്.. മോൻ നോക്കി ഇരിക്കുന്നുണ്ടാകും..
ശെരി അമ്മേ എന്ന് പറഞ്ഞു അകത്തേക്ക് കയറാനെ സാധിച്ചുള്ളൂ.. ഭർത്താവ് അവിടെ സെറ്റിയിൽ ചാരി വെച്ച പോലെ ഇരിക്കുന്നുണ്ട്.. കൈയിൽ മൊബൈൽ ഉം ഉണ്ട്.. ചായ വെച്ച്.. ഒരു ഗ്ലാസ് കുടിക്കാനെടുത്തു ഒരു ഗ്ലാസ് വരുണിനും..
കുടിച്ചിട്ട് നമുക്ക് ഇറങ്ങാം അല്ലെ.
ഞാൻ ഒന്ന് കുളിക്കട്ടെടി നല്ല ക്ഷീണം ഉണ്ട്.. വന്നു കയറിയാതെ ഉള്ളു..
അവിടെ പോയി കുളിച്ചാൽ പോരെ..
ഏയ് അതൊന്നും ശെരി ആകില്ല.. നമുക്ക് പോകാം നെ.. നീ കെടന്നു പെടക്കാതെ..
കുളി കഴിഞ്ഞു, ഒരുക്കം കഴിഞ്ഞു..
ഇനി നമുക്ക് പോകാലോ..
എടി ചോർ ഉണ്ടിട്ടു പോകാം.. അമ്മ നല്ല മീൻ വറുത്തു വെച്ചിട്ടുണ്ട്.. അവിടെ ഒന്നും കാണില്ല.. നീയും കഴിക്കുന്നുണ്ടോ??
ഉള്ളിന്റെ ഉള്ളിൽ എവിടൊക്കെയോ വേദനിക്കുന്ന പോലെ ഒരു തോന്നൽ രേണുവിന്.. തോന്നൽ മാത്രമാണോ അത്??
എല്ലാം കഴിഞ്ഞു വീട്ടിൽ ചെന്ന് കയറുമ്പോൾ ഏതാണ്ട് പത്തു മണി.. നീ എന്താ നേരത്തെ ഇറങ്ങാഞ്ഞെ രേണു കുഞ്ഞു ഉറങ്ങി എന്ന് വ്യാകുലപ്പെടുന്ന അമ്മയോട് ഒന്നും പറയാതെ അകത്തു കയറി.. ചരിഞ്ഞു കിടന്നു ഉറങ്ങുന്ന കുഞ്ഞിനെ കണ്ണ് നിറയെ കണ്ടു.. അവനോട് ചേർന്ന് കിടന്നു.. ഉറക്കത്തിലെപ്പോളോ അവന്റെ കുഞ്ഞി കൈ തന്നെ പരതി അമ്മ എന്ന് പറഞ്ഞത് പോലെ അവൾക്കു തോന്നി..
രാവിലേ തന്നെ അമ്മ വന്നു കുത്തി പൊക്കി.. വേഗം എഴുന്നേറ്റു റെഡി ആകാൻ നോക്ക് മോളെ.. അങ്ങോട്ട് പോകേണ്ടേ.. വെറുതെ അവരെക്കൊണ്ട് പറയിപ്പിക്കാൻ നിക്കേണ്ട..
എഴുന്നേറ്റു തയ്യാറാകുന്ന വഴി എല്ലാം അവൾ ചിന്തയിൽ ആയിരുന്നു.. തന്റെ പദ്ധതികൾ ഒന്നും എന്താണ് പ്രാവർത്തികമാകാത്തത് എന്നവൾക്ക് മനസിലായില്ല..
വരുണിന്റെ വീട്ടിൽ അമ്മ കാത്തിരിക്കുക ആയിരുന്നു.. വാവേ എന്ന് വിളിച്ചു കുഞ്ഞിനെ അവർ വാരിയെടുത്തു..
ഞാനും എന്റെ കൊച്ചുമോനും ഒന്ന് കളിക്കട്ടെ. നീ ചെന്ന് ഉച്ചത്തേക്കുള്ളത് നോക്ക് രേണു, അവർ പറഞ്ഞു.. ഉച്ചത്തേക്കുള്ളതും ആക്കി കുളിയും കഴിഞ്ഞു, എല്ലാരുടെയും ഊണും കഴിഞ്ഞപ്പോളേക്കും അമ്മ കുഞ്ഞിനെ ഉറക്കാൻ കിടത്തിയിരുന്നു.. അവൻ നന്നായി ഒന്നുറങ്ങട്ടെ. അവർ പറഞ്ഞു..
അല്ലമ്മാ, അവനെ കൊണ്ട് പാർക്ക് ഇൽ ഒകെ ഒന്ന് പോകണം എന്നുണ്ടായിരുന്നു..
എന്റെ രേണു, ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ട് പോയതേ ഉള്ളു അവനെ പാർക്ക് ഇൽ എല്ലാം.. ഇനി ഇപ്പൊ ഇന്ന് കൊണ്ട് പോകുവൊന്നും വേണ്ട.. അടുത്ത ആഴ്ച ഞങ്ങൾ കൊണ്ട് പോയ്കോളാം.. നീ നാളത്തേക്ക് കൊണ്ട് പോകാൻ ഉള്ളതൊക്കെ എടുത്തു വെക്കു.. വൈകിട്ടത്തേക്ക് വരുണിന് എന്താ ഇഷ്ടം എന്ന് ചോദിച്ചു ഉണ്ടാക്കി കൊടുക്ക്.. അവൻ വല്ലപ്പോളും എങ്കിലും ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കട്ടെ.. രാത്രി ചപ്പാത്തിയോ എന്താണെന്നു വെച്ചാൽ കുഴച്ചു വെക്കു.. അതൊക്കെ നോക്ക്.. ആകെ ഒരു ദിവസം വീട്ടിൽ വരുമ്പോ കറങ്ങാൻ പോകാഞ്ഞിട്ട ഇനി..
അടുക്കലും ഒതുക്കലും കഴിഞ്ഞ് കിടക്കാണായപ്പോൾ ഒരു സമയമായി.. ഉറക്കാൻ നോക്കുമ്പോൾ മോൻ ഒരേ കരച്ചിൽ.. അവസാനം അമ്മ വന്നു എടുത്ത് ഉറക്കി തന്നു.. പരിജയം ഇല്ലാഞ്ഞിട്ട എന്നൊരു കുത്തലും.
നാളെ ഇനി അമ്മയും അച്ഛനും വന്നു മോനെ കൊണ്ട് പോകും.. രാവിലെ 6 മണിക്ക് താൻ ഇവിടന്നു ഇറങ്ങുമ്പോൾ കുഞ്ഞു ഉണർന്നിട്ടു പോലും ഉണ്ടാകില്ല.. അവൻ തന്നെ അന്വേഷിക്കുമോ.. അവൾ വെറുതെ ഓർത്തു..
അടുത്ത ആഴ്ച എങ്കിലും..
അവൾ അടുത്ത ആഴ്ചത്തേക്കുള്ള പദ്ധതികൾ മെനഞ്ഞു, അന്നത്തേക്ക് തനിക്കു വേണ്ടി എന്താണ് കരുതി വെക്കപ്പെട്ടിട്ടുള്ളത് എന്നറിയാതെ..
താൻ തീരുമാനിക്കാതെ തന്റെ ഒരു പ്ലാനുകളും നടപ്പാകാൻ പോകുന്നില്ല എന്നറിയാതെ.. വെറുതെ...
.................. ............. ............. .................. .... ...
Showing posts with label Short story - women. Show all posts
Showing posts with label Short story - women. Show all posts
Saturday, March 22, 2025
Subscribe to:
Posts (Atom)
പറയാൻ കഴിയാത്തത്
നഗ്ന പാദയായ് നിനക്ക് പിന്നേ ഞാൻ കാതങ്ങൾ സഞ്ചരിക്കാം.. കോറി മുറിക്കുന്ന മുള്ളിനും, മഴയുടെ തണുപ്പിനും, വെയിലിന്റെ തീ നാളങ്ങൾക്കും കീറി മുറിക്ക...
-
ഒരിക്കൽ എഴുതിയ പേനയുടെ മുനയൊടിച്ചു കളഞ്ഞതാണ്.. ചോദ്യങ്ങൾക്കു പിന്പേ ചോദ്യച്ചിഹ്നം ഇടാതെ അവസാനിപ്പിച്ചതാണ്.. ആയിരം എതിർപ്പുകൾ ഉള്ളിൽ ഉറവ് പൊട...
-
ആഴ്ചയിലെ ഒരേ ഒരു ശനിയാഴ്ചയാണ്.. നാളെ ഞായർ, അവധി ദിവസം.. പതിവുപോലെ രേണു, മനസിനുള്ളിൽ ഒന്നൊന്നായി അടുക്കി പെറുക്കാൻ തുടങ്ങി.. നമ്മുടെ രേണു ഒര...