ഒരു തിരിച്ചുവരവ് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഒരു തുള്ളി കണ്ണുനീർ പോലും പുറത്തു വീഴാതെ ഉള്ളിൽ കരഞ്ഞു തീർത്തു പടിയിറങ്ങിയതാണ് വര്ഷങ്ങള്ക്കു മുൻപ്. വീണ്ടും ഒരിക്കൽ കൂടെ, പുതിയൊരു വേഷത്തിൽ ഭാവത്തിൽ...
എല്ലാത്തിനും തുടക്കം കുറിച്ചത് എന്നായിരുന്നു? ഓർമകൾക്ക് ഒത്തിരി പഴക്കം ഉണ്ടെങ്കിലും അവ സമ്മാനിക്കുന്ന നീറ്റലിനു ഇന്നും ഉണക്കം തട്ടിയിട്ടില്ല. കോളേജിന്റെ ആരവങ്ങൾ, ഫ്രഷേഴ്‌സ് ഡേ യുടെ തിളക്കം, മിന്നി മാഞ്ഞു പോകുന്ന ചില വൺ സൈഡ് ക്രഷ്സ്, ഇതു മാത്രമല്ല ഓരോ ഓർമകളിലും കണ്ണിൽ നനവൂറുന്ന ഒന്നു കൂടെയുണ്ട് ഈ കോളേജ് നെ പറ്റി ഓർക്കുമ്പോൾ എല്ലാം.
ഹൃദയത്തിന്റെ നന്മ യും മനസിന്റെ തിളക്കവും കണ്ണിൽ നിറച്ചു സ്നേഹത്തോടെ തല്ലു കൂടുന്ന കുറുമ്പ് കാട്ടുന്ന വഴക്ക് പറയുന്ന ഒരുവനുണ്ട്. അവന്റെ സ്വരവും മുഖവുമാണ് ഓരോ ഓർമകൾക്കും.
അവളും കൂട്ടുകാരിയും ആ കൂട്ടുകാരനും അവർ ഒരുമിച്ചു കണ്ടു തീർത്ത കുറെയേറെ സ്വപ്നങ്ങളും പ്രതീക്ഷകളും. ചിലർ നമ്മിലേക്ക് അടുത്ത് വരുമ്പോൾ അവർ ഹൃദയത്തിൽ ചേർക്കപെടുന്നത് അവരോടൊപ്പം ചിലവിട്ട സമയത്തിന് ആനുപാതികമായി ആയിരിക്കണമെന്നില്ല.. മറിച്ചു ഹൃദയത്തിന്റെ നഷ്ടപ്പെട്ടു പോയ ഒരു ഭാഗം തിരികെ ചേരുന്നത് പോലെ അവർ നമ്മിലേക്ക് വിളക്കി ചേർക്കപെടുന്നു. തികച്ചും സ്വാഭാവികമായി. പരസ്പര ബന്ധമില്ലാത്ത സ്വഭാവങ്ങൾക് ഉടമയായ അവർ മൂന്നു പേരും കൂട്ടുകാരായതിനു വേറെ ഒരു ന്യായീകരണവും പറയാനില്ലായിരുന്നു.
ജീവിതത്തെ കുറിച് യാതൊരു തിരിച്ചറിവുമില്ലാതെ ഇരുന്ന അവൾക് പലപ്പോളും ലക്ഷ്യബോധത്തിന്റെ മാർഗം കാണിച്ചു കൊടുത്തത് അവനായിരുന്നു. അവനും കൂട്ടുകാരിക്കും ഇടയിലെ ഈഗോ ക്ലാഷ് കൾക്ക് പാലമിട്ടത് അവളായിരുന്നു. കുറുമ്പുകൾ കൊണ്ടും കുഞ്ഞു പിണക്കങ്ങൾ കൊണ്ടും അവർക്കിടയിൽ അടുപ്പത്തിന്റെ ചങ്ങലകണ്ണികൾ നെയ്തിട്ടത് കൂട്ടുകാരിയും..
കൈ മാറുന്ന പുസ്തകങ്ങളിലൂടെയും സിനിമ കളിലൂടെയും പാട്ടുകളിലൂടെയും യാത്രകളിലൂടെയും, കാന്റീൻ ഫുഡ് മടുക്കുമ്പോൾ അവൻ വീട്ടിൽ നിന്നു കൊണ്ട് തന്നിരുന്ന ഭക്ഷണത്തിലൂടെയും അവരുടെ ഹൃദയത്തിൽ ഏറ്റവും പ്രിയപ്പെട്ടവൻ ആയി മാറിയിരുന്നു അവൻ. ഇന്നും എല്ലാം സന്തോഷം മാത്രമായിരുന്നേനെ ആ നശിക്കപ്പെട്ട ദിവസം വന്നില്ലായിരുന്നെങ്കിൽ...
അന്നും എല്ലാ സന്തോഷത്തോടെയും, ക്ലാസ്സ് ടെസ്റ്റുകളെയും സെമിനാറുകളെയും പറ്റി മാത്രമുള്ള പരിഭ്രമത്തോടെയും ഹോസ്റ്റലിലേക്ക് ബസ് കയറാൻ കാത്തു നിൽക്കുക ആയിരുന്നു അവർ. കൂട്ടുകാരിയുടെ ഫോണിലേക്കു ഹോസ്റ്റൽ റൂം മേറ്റ് ഇൽ നിന്നു വന്ന കാൾ അവരുടെ ജീവിതം മാറ്റി മറിച്ചു, എന്നെന്നേക്കുമായി.
കൂട്ടുകാരൻ ആത്മഹത്യ ചെയ്തിരിക്കുന്നു...
കാരണം അറിയില്ല. ആർക്കും. അമ്മക്കും അച്ഛനും സുഹൃത്തുകൾക്കും ആർക്കും. കോളേജ് അവധിയും അവന്റെ വീട്ടിലെ സന്ദർശനവും, ക്ലാസ്സ്‌മേറ്റ്സ് ന്റെ കൂടെ കൂടെയുള്ള അന്വേഷണവും എല്ലാത്തിനുമൊടുവിൽ സാവധാനത്തിൽ എല്ലാവരും മറവിയുടെ പേജുകൾക്കിടയിൽ അവനെ ഒളിപ്പിച്ചു വെച്ചു..
അവൻ ആത്മഹത്യ പ്രവണത ഉള്ളവൻ ആയിരുന്നെന്നു പിന്നീട് അറിഞ്ഞു. ഡിപ്രെഷൻ അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നെന്നും.. അവളും കൂട്ടുകാരിയും ഒന്നുചിരുന്നും അല്ലാതെയും കരഞ്ഞു പലപ്പോളും. തങ്ങളോട് മരണത്തെ പറ്റി പലപ്പോളും അവൻ പറഞ്ഞിരുന്നല്ലോ എന്നും തങ്ങൾക്കു ഒന്നും വ്യാഖ്യാനിച്ചു എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നും ഓർത്തു അവർ വേദനിച്ചു. ദുഖത്തിന്റെ ആഴങ്ങൾക്കൊടുവിൽ അവർ പരസ്പരം ഉള്ള സംസാരങ്ങളും അവസാനിപ്പിച്ചു.
വേദനയിൽ നിന്നും വേദനകളിലേക് നടന്നു പോകാൻ വയ്യാത്തതിനാൽ അവർ പല പല ജീവിത ലക്ഷ്യങ്ങൾ നിശ്ചയിച്ചു, അവയുടെ പൂർത്തീകരണത്തിനായി അലഞ്ഞു..
ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ ഒന്നാശ്വസിക്കാനായി കാണപ്പെടേണ്ട തണൽ മരം വെട്ടി പോയിരിക്കുന്നു. ഒരു കോളേജ് കാലമോ അവിടുത്തെ സൗഹൃദങ്ങളോ ഓർമയിൽ തേൻ പുരട്ടാനില്ല..
ഒടുവിൽ വർഷങ്ങൾക്കു ശേഷം താൻ പഠിച്ച കോളേജ് ഇൽ തന്നെ അധ്യാപികയായി ജോയിൻ ചെയുമ്പോൾ അവളുടെ മനസിലും മുന്നോട്ടു കൊണ്ടുപോകേണ്ട ജീവിതം മാത്രമായിരുന്നു.. ഒരു തുള്ളി സന്തോഷം പോലും ബാക്കി വെക്കാതെ തന്നിൽ നിന്നും അവൻ കവർന്നെടുത്തതു എന്തോകെയായിരുന്നെന്നു അവളോർത്തു.
ആത്മഹത്യാ ചെയ്യുന്നവരെ നിങ്ങൾ കവർന്നെടുക്കുന്നത് ഒരു ജീവിതം മാത്രമല്ലെന്നും ഒരുപാടു പേരുടെ ഹൃദയത്തിന്റെ പകുതികളാണെന്നും....
No comments:
Post a Comment