Wednesday, April 2, 2025
പറയാൻ കഴിയാത്തത്
നഗ്ന പാദയായ് നിനക്ക് പിന്നേ ഞാൻ കാതങ്ങൾ സഞ്ചരിക്കാം.. കോറി മുറിക്കുന്ന മുള്ളിനും, മഴയുടെ തണുപ്പിനും, വെയിലിന്റെ തീ നാളങ്ങൾക്കും കീറി മുറിക്കാൻ എന്നെ വിട്ടു നൽകി നിന്റെ സ്നേഹത്തിനായി ഞാൻ അലയാം... ക്രൂരമായ അവഗണനയോടെ നിന്റെ വഴിയിൽ നിന്നും എന്നെ നീ തള്ളി നീക്കുമ്പോൾ, ചുട്ടുപൊള്ളുന്ന ഹൃദയത്തിൽ നിന്ന് ഉതിരുന്ന ഒരു തുള്ളി കണ്ണീർ കണവുമായി ഞാൻ ഒതുങ്ങി നിൽകാം. ലോകം മുഴുവൻ നടുങ്ങുന്ന ശബ്ദത്തിൽ എന്റെ ഹൃദയം തുടി കൊട്ടുമ്പോൾ, സ്വയം വിഡ്ഢി ആയികൊണ്ട് ഞാൻ വിളിച്ചു പറയാം.. "ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രണയിക്കുന്നു "
മുഖത്തേക്ക് വീശി അടിച്ച മഴത്തുള്ളികൾ അവളെ സ്വപ്നത്തിൽ നിന്നുണർത്തി. അവനോടുള്ള തന്റെ പ്രണയം എത്ര തീവ്രമാണെന്ന് അവൾ വീണ്ടും തിരിച്ചറിഞ്ഞു..
അവൾ ഇഷ.. ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ മനസിന്റെ നിയന്ത്രണം വിട്ടു പോകുന്നപോലെ ഉള്ള ഒരു പ്രണയത്തിൽ ആണവൾ.. ഒരു ആത്മപീഡയോളം എത്തുന്ന പ്രണയത്തിൽ...
ഒരു നിമിഷത്തിന്റെ അർദ്ധആംശത്തിൽ ഒന്നു പോലും വേണ്ട ഒരു പ്രണയം പിറക്കാൻ. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരുവൻ, കടന്നു പോകുന്ന വഴിയേ, തിരിഞ്ഞു നിന്ന് നോക്കിയ ഒരു നോട്ടം, എന്തിനെന്നു അറിയാത്ത ദുഃഖവുമായി അവൾ തന്റെ കലാലയത്തിലൂടെ ഉഴറി നടന്നപ്പോൾ വിഷാദം തുളുമ്പുന്ന മുഖവുമായി ആഴങ്ങളിലേക്ക് തുറക്കുന്ന കണ്ണുകൾ വിടർത്തി അവൻ മുന്നിൽ... ഇങ്ങനെയെല്ലാം അവൻ, അവളുടെ ഉറക്കത്തിന്റെയും സ്വപ്നത്തിന്റെയും ഭാഗമായി മാറുന്നു...
ആർത്തലച്ചു പെയ്യുന്ന ഒരു മഴക്കാല സന്ധ്യയിൽ അവൾ തിരിച്ചറിയുന്നു, തന്റെ ഏകാന്തതയിലൂടെ താൻ വര്ഷങ്ങളായി തിരയുന്ന രൂപം അവന്റെതു ആണെന്ന്..
ഇനിയുള്ളതു പ്രണയ പർവമാണ്.. തന്റെ ഉള്ളിലെ വേദനയെ കണ്ണുകളിൽ നിറച്ചു അവൾ അവന്റെ വഴികളിലൂടെ അലഞ്ഞു.. അവന്റെ വഴിയിലെ ഓരോ പെൺകുട്ടിയെയും അവൾ അസൂയയുടെ കനൽ എരിയുന്ന കണ്ണുകളിലൂടെ കണ്ടു.. ഏതോ ഒരുനാൾ അധ്യാപിക കവിതയുടെയും കൂട്ടുകാരികൾ ഉറക്കത്തിന്റെയും ഇടനാഴിയിലൂടെ അലഞ്ഞപ്പോൾ അവൾ അവനെ നോക്കിയിരുന്നു കണ്ണുനീർ ഒഴുക്കി..
മുന്നോട്ടു പോകുന്ന ദിവസങ്ങളിൽ ഒന്നിൽ അവൻ തന്റെ പുറകെ അലയുന്ന വന്യമായ പ്രണയത്തെ പറ്റി ബോധവാൻ ആയി. ആദ്യം പരിഹാസവും പിന്നീട് അമ്പരപ്പും എപ്പോഴോ അവഗണനയും അവന്റെ ഭാവങ്ങളിൽ പ്രകടമായി...
പിന്നീടുള്ളതു ഒരു വെറുംകഥയാണ്.. എന്താണ് ചെയ്തതെന്ന് അവൾ തന്നെ തിരിച്ചറിഞ്ഞിട്ടില്ലത്ത കഥ..
വിട പറയുന്ന ദിവസം അവൾ ഒളിപ്പിച്ച പ്രണയം തേടി അവൻ വന്നു.. നിറയുന്ന കണ്ണുകളോടെ അവന്റെ പ്രണയം അവൻ അവളെ അറിയിച്ചു.. ആ ഒരു ദിവസത്തെ കാത്തിരുന്ന പോലെ അവളുടെ പ്രണയം തന്നിൽ നിന്നും ഒഴുകി പോയി. നിർവികാരത മാത്രം അവശേഷിച്ചു. നിരസിക്കപെട്ട പ്രണയത്തിന്റെ അർത്ഥം അറിയാതെ ഏറെ നടന്നു അവൻ തിരിഞ്ഞു നോക്കി. അവൾ നിന്ന സ്ഥാനത്തുനിന്നുമാറി അവനെ നോക്കി കാണുകയായിരുന്നു..
ഒടുക്കം എല്ലാറ്റിനും ഒടുക്കം, എത്തി ചേർന്ന ശാന്തതയിൽ അവൾ ആശ്വസിച്ചു.. "ഇതായിരുന്നോ പ്രണയം"... ! അവൾ സ്വയം ചോദിച്ചു..
Subscribe to:
Post Comments (Atom)
പറയാൻ കഴിയാത്തത്
നഗ്ന പാദയായ് നിനക്ക് പിന്നേ ഞാൻ കാതങ്ങൾ സഞ്ചരിക്കാം.. കോറി മുറിക്കുന്ന മുള്ളിനും, മഴയുടെ തണുപ്പിനും, വെയിലിന്റെ തീ നാളങ്ങൾക്കും കീറി മുറിക്ക...
-
ഒരിക്കൽ എഴുതിയ പേനയുടെ മുനയൊടിച്ചു കളഞ്ഞതാണ്.. ചോദ്യങ്ങൾക്കു പിന്പേ ചോദ്യച്ചിഹ്നം ഇടാതെ അവസാനിപ്പിച്ചതാണ്.. ആയിരം എതിർപ്പുകൾ ഉള്ളിൽ ഉറവ് പൊട...
-
ആഴ്ചയിലെ ഒരേ ഒരു ശനിയാഴ്ചയാണ്.. നാളെ ഞായർ, അവധി ദിവസം.. പതിവുപോലെ രേണു, മനസിനുള്ളിൽ ഒന്നൊന്നായി അടുക്കി പെറുക്കാൻ തുടങ്ങി.. നമ്മുടെ രേണു ഒര...
No comments:
Post a Comment