അവനെ ആദ്യമായി കണ്ട ദിവസം ഒരു നിമിഷം മുന്നേ നടന്ന പോലെ ഓർമയിൽ തെളിഞ്ഞു നില്കുന്നുണ്ട്.. അന്ന് ആദ്യമായി കോളേജിൽ ചേരാനായി പോയ ദിവസം, ഒറ്റയ്ക്ക് ആ നാലുകെട്ടിന്റെ വരാന്തയിലൂടെ അഡ്മിഷൻ ഫോർമും ആയി നടന്നു പോകുമ്പോൾ- ഒറ്റയ്ക്ക് നടന്നു പോകുന്ന പെൺകുട്ടിയെ കണ്ടു കമന്റ് അടിച്ചു, ഉറക്കെ പാട്ടു പാടിയ നാല് ആൺകുട്ടികൾ.. അവരെ ഒരു ചിരിയോടെ തിരിഞ്ഞു നോക്കി നടക്കുമ്പോൾ ചെറുതായി പകച്ചു പോയ അവർക്കിടയിൽ, അവനെ അന്നേ ശ്രെദ്ധിച്ചിരുന്നു.. ഉയരത്തിൽ ചുരുണ്ട മുടിയുള്ള ഒരു ചെറുക്കൻ.. അവന്റെ ചിരിയായിരുന്നു ഹൈ ലൈറ്റ്.. അവനെ നോക്കി ഒന്നു കണ്ണിറുക്കി നടക്കുമ്പോൾ സത്യത്തിൽ ആ കോളേജ് ഇൽ തന്നെ ആണോ ചേരുന്നത് എന്ന് പോലും തീരുമാനിച്ചിരുന്നില്ല...
ഇനിയുള്ള മൂന്നു വർഷങ്ങൾ ഇവിടെ എന്നാ തീരുമാനത്തോടെ അതേ കോളേജ് ഇൽ ചേരാൻ വരുമ്പോൾ അവൻ സത്യത്തിൽ ഓർമയിൽ പോലും ഉണ്ടായിരുന്നില്ല... കരുപ്പിടിപ്പിക്കേണ്ടുന്ന ജീവിതവും, വ്യക്തമാക്കാത്ത എന്തൊക്കെയോ കുറെ ലക്ഷ്യങ്ങളും മാത്രമായിരുന്നു ചിന്തകളിൽ..
ക്ലാസ്സിലെ കുറച്ചു കൂട്ടുകളും, ചെറിയ ചെറിയ അലമ്പുകളും, കറക്കങ്ങളും, വെറുതെ വെറുതെ ഉള്ള കാന്റീൻ സന്ദർശനങ്ങളും എല്ലാമായി ദിവസങ്ങൾ പതിയെ കടന്നു പോയ്കൊണ്ടിരുന്നു.. ഡ്രാമ ക്ലബ് ന്റെ മീറ്റിംഗ് ന്റെ ദിവസം വെറുതെ മീറ്റിംഗ് ഹാൾ ന്റെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ ആണ് ഒരു ആൺ പട നടന്നു പോകുന്നത്.. ഫുട്ബോൾ മാച്ച് കഴിഞ്ഞു പോകുന്നത് എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. ജയിച്ചതിന്റെ ആഘോഷം അവരുടെ ഉയർന്നു കേൾക്കുന്ന ശബ്ദകോലാഹലത്തിൽ ഉണ്ടായിരുന്നു.. കൈ വിരലിൽ ഫുട്ബാൾ കറക്കി നടക്കുന്ന അവനെ അന്നായിരുന്നു വീണ്ടും കണ്ടത്..
ഒരു കൗതുകമായിരുന്നു തോന്നിയത്.. അന്ന് കണ്ട ചെറുക്കൻ എന്ന തിരിച്ചറിവിൽ. അവൻ ഇവിടെ പഠിക്കുന്നവൻ ആണെന്ന്, സ്പോർട്സ് ഇൽ ഉണ്ടെന്നു എല്ലാം കൊണ്ടും എന്തോ ഒരു സന്തോഷം ഉള്ളിൽ.. ആദ്യമായി.. ആദ്യമായി..
ഫസ്റ്റ് ഇയർസ് ന്റെ റാഗിങ് എല്ലാം മുറക്ക് നടന്നു അധികം സമയമെടുക്കാതെ തന്നെ സീനിയർസ് എല്ലാവരും സൗഹൃദത്തിൽ ആയി.. ശല്യപെടുത്താൻ ആരും ഇല്ലാത്ത മനോഹരമായ അന്തരീക്ഷം.. കോളേജ് വരാന്തകളിലൂടെ വെറുതെ അലഞ്ഞു നടക്കാൻ എന്തുകൊണ്ടോ ഇഷ്ടമായിരുന്നു.. ഇന്റർവെൽസ് നും അത് പോലെ തന്നെ ഓരോ ക്ലബ് മീറ്റിംഗ്സ് നു പുറത്തു ഇറങ്ങുമ്പോളും.. നാലുകെട്ടിന്റെ ഉള്ളിൽ ബോട്ടണി ഡിപ്പാർട്മെന്റ് വക ഒരു ബോട്ടാനിക്കൽ ഗാർഡൻ ഉം..പൂത്തുലഞ്ഞു നിൽക്കുന്നതും എന്തൊക്കെയോ പഴങ്ങൾ ഉണ്ടാകുന്നതുമായ കുറെ ചെടികളും.. വളർന്നു വരാൻ തുടങ്ങുന്ന കുറെ ചെടികളും.. എല്ലാറ്റിനും ഇടയിലൂടെ നടപ്പാതയും നടുവിൽ ആമ്പൽ കുളവും ഫൗന്റൈൻ ഉം.. എല്ലാറ്റിനും അകമ്പടിയായി ഇടയ്ക്കിടെ ആഞ്ഞു വീശി പെയ്യുന്ന മഴയും.. അതിനിടെ കോളേജ് ന്റെ ലൈബ്രറി കെട്ടിടത്തിനു വശത്തോ, അല്ലെങ്കിൽ ഏതെങ്കിലും മൂലകളിൽ മരച്ചുവട്ടിലോ കണ്ടു മുട്ടുന്ന അവനും...
ക്ലാസ്സിലിരിക്കാൻ ഒരു താല്പര്യവുമില്ലാതെ കറങ്ങി നടക്കാൻ ഇഷ്ടപെടുന്ന ഒരു കൂട്ടം കുട്ടികൾ ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്.. ഓരോ ഇന്റർവെൽ നും കൂട്ടമായി പുറത്തിറങ്ങി ഓരോ ഡിപ്പാർട്മെന്റ് ലും ഹാജർ വെച്ച് സുഹൃത്തുകളോട് സംസാരിച്ചു സാവധാനം, ക്ലാസ്സ് തുടങ്ങി ടീച്ചരോടൊപ്പം ക്ലാസ്സിൽ കയറും.. അങ്ങിനെ ഒരു ഒരു ദിവസം കോമൺ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ജനാല വഴി അവനെ കണ്ടു.. ഒരു ബുക്കും കൈയിൽ പിടിച്ചു ജനലിലൂടെ ഉറ്റുനോക്കി നിൽക്കുന്ന അവൻ.. എന്നതിനെന്നറിയാതെ നിറഞ്ഞു വരുന്ന കണ്ണുകളോടെ അവനെ നോക്കിയിരിക്കുമ്പോൾ ഒരു ഫ്ലയിങ് കിസ്സ് ഉം തന്നു അവൻ നടന്നു പോയി..
ആദ്യമായി കട്ടുകുടിച്ച വൈൻ ലഹരി പോലെ അവൻ ഞരമ്പുകളിൽ ഒഴുകി നടന്നു.. ഇടയ്ക്കിടെ കണ്ടുമുട്ടുമ്പോളുള്ള ചിരിക്കപ്പുറം ഒരിക്കലും വളരാതെ ആ ബന്ധം.. ഇടയ്ക്കിടെ കടന്നു പോകുമ്പോളുള്ള തിരിഞ്ഞു നോക്കലുകളിൽ മുരടിച്ചു നിന്നിരുന്നു.. ഒരു സംസാരത്തിന്റെ അതിരു മുറിച്ചു കടക്കാൻ മടിച്ചെന്ന പോലെ...
അവനു സത്യത്തിൽ എന്തായിരുന്നു തോന്നിയിരുന്നത്.. എങ്ങിനെ പോയാലും മുന്നോട്ടു പോകാൻ സാധ്യത ഇല്ലാത്ത ഒന്നെന്നു അവനും തിരിച്ചറിഞ്ഞിരിക്കുമോ.. താൻ സ്നേഹിച്ച പോലെ അവനും തന്നെ സ്നേഹിച്ചിരിക്കുമോ.. സ്നേഹമെന്നെല്ലാം പറയാമോ അതിനെ..
അവൻ പാസ്സ് ഔട്ട് ആയി പോകുന്ന കാലം വരെ കണ്ടിരുന്നു.. ഓരോ മഴക്കാലവും ഇല പൊഴിയും കാലങ്ങളും അവനെ ഓർമിപ്പിച്ചിരുന്നു..
കാലങ്ങൾക്കിപ്പുറം ഒരു നഷ്ടബോധവും കൂടാതെ ഓർത്തു ആസ്വദിക്കാവുന്ന ഒരു ബന്ധമായി സ്നേഹമായി അവൻ മനസിന്റെ അഴങ്ങളിലുണ്ട്, പ്രാർത്ഥനകളിലുണ്ട്.. പേരൊഴികെ വേറൊന്നും അറിയാത്ത ഒരുവൻ അവൻ എത്ര പരപ്പിൽ തന്നെ സ്വാധീനിച്ചിരുന്നു എന്നോർക്കാറുണ്ട്.. ഇടക്കെങ്കിലും ജീവിതത്തിന്റെ ഓട്ടപാച്ചിലുകൾക്കിടയിൽ അവനെന്ന ഒരോർമ ഒരു മഞ്ഞു തുള്ളി പോലെ ഹൃദയത്തെ തണുപ്പിക്കാറുണ്ട്.. ഒരു ഒളിയിടതിനപ്പുറം എപ്പോൾ വേണമെങ്കിലും എത്തി പിടിക്കാവുന്ന ഒരോർമയായി അവനും.. ഒരു പക്ഷെ ഇത് തന്നെ അല്ലെ പ്രണയവും...
............................ ........................... ..................