യാതൊരു മടുപ്പുമില്ലാതെ വീണ്ടും വീണ്ടും കരയിലേക്ക് ആഞ്ഞടിച്ചു, ഒരു ലക്ഷ്യബോധവുമില്ലാതെ പെരുമാറുന്ന തിരമാലകളിലേക്ക് കണ്ണുനട്ടുകൊണ്ട് അവൾ ആലോചനയിൽ മുഴുകി..
ഉദിച്ചു അസ്തമിക്കുന്ന ദിനരാത്രങ്ങളുടെ അർത്ഥശൂന്യത ഓർത്താകണം സൂര്യൻ കടലിലേക് എടുത്ത് ചാടാൻ വെമ്പി നിൽക്കുന്നു..
ഇരുളും മുൻപേ വീടെത്തണം.
വീട്ടിൽ കാത്തിരിക്കാൻ ആരെങ്കിലുമുണ്ടോ എന്നുള്ളത് അടുത്ത ചോദ്യം, പക്ഷെ അത് നിരോധിക്കപ്പെട്ടതാണ്..
ആരോടും പറഞ്ഞുകൂടാ..
അതൊരു രഹസ്യമാണ്..
അവൻ ജീവനായിരുന്നു.. ജീവനിലും മേലെ ഒരു വാക്കുണ്ടോ..
കോളേജ് പ്രണയം, ഒരു കലാലയ നൊസ്റ്റു എന്നതിൽ നിന്നും വല്ലാതെ വളർന്നു, ജോലി കിട്ടി വീട്ടിൽ പറയുന്ന വിധത്തിലേക്കു വളർന്നത്, വീട്ടുകാർ ആരും അതിനു അടുക്കാതിരുന്നത്, എല്ലാം, വിദൂരമായ ഓർമ്മകൾ പോലെ..
ഒരു വിപ്ലവ പ്രണയമൊന്നും ആഗ്രഹങ്ങളിൽ ഇല്ലാഞ്ഞിട്ടും, എല്ലാം പിന്നിലുപേക്ഷിച്ചു ഇറങ്ങിതിരിച്ചത് അവനോടുള്ള സ്നേഹത്തിന്റെ കെട്ടുറപ്പിൽ മാത്രം..
ദിവസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയത് എത്ര പെട്ടന്നാണ്.. എല്ലാം ആപേക്ഷികം ആണെന്ന് പറയുന്നത് എത്ര ശെരിയാണ്..
ഒരു ഒഴുക്കിൽ പോയികൊണ്ടിരുന്ന ജീവിതം, കെട്ടികിടക്കുന്ന, ദുർഗന്ധം വഴിയുന്ന കാനയായി മാറാൻ അധിക നേരമൊന്നും വേണ്ടത്രേ..
തീർത്തും രണ്ടാഴ്ച മുന്നെയാണ് ഒരു അവിഹിത ബന്ധത്തിന്റെ ചുരുൾ അഴിയുന്നത്.. ഒരു സഹപ്രവത്തകയോടുള്ള അവന്റെ വഴിവിട്ട ബന്ധം അറിഞ്ഞ നാൾ മുതൽ, മുന്നോട്ടു നീങ്ങിയ ദിവസങ്ങൾക്കു, കഴിഞ്ഞു പോയ എത്രയോ വർഷങ്ങളെക്കാൾ നീളം കൂടുതൽ ആയിരുന്നു..
എന്തായിരുന്നു തന്റെ മനസ്സിൽ.. വീണ്ടും വീണ്ടും പിൻവാങ്ങി മുന്നേറി വരുന്ന തിരകൾ പോലെ എന്തല്ലാം ചിന്തകൾ..
അവൻ ഇപ്പോൾ തിരിച്ചെത്തിയിരിക്കുമോ തങ്ങളുടെ വീട്ടിൽ? താൻ കുഴിച്ചു മൂടിയ ആ സ്ത്രീ ശരീരത്തിന് മുകളിൽ വലിച്ചിട്ട, തങ്ങളുടെ കട്ടിലിനു മുകളിൽ, ഒന്ന് വിശ്രമിച്ചേക്കാമെന്നു കരുതി അവൻ ഇപ്പോൾ ശയിക്കുന്നുണ്ടാകുമോ? അവളെ വിളിക്കുന്നുണ്ടാകുമോ? എന്താണവൾ കാളുകൾ സ്വീകരിക്കാത്തതെന്നു സംശയിക്കുന്നുണ്ടാകുമോ? ചിലപ്പോൾ തന്നെ ഇങ്ങനെ പറ്റിക്കാൻ സാധിക്കുന്നതോർത്തു ഹർഷം കൊള്ളുന്നുണ്ടാകുമോ?
തന്നെ ഇനി കാത്തിരിക്കാൻ വീട്ടിൽ ആരാണുള്ളത്?
അതൊരു രഹസ്യമാണോ?
No comments:
Post a Comment