രാവിന്റെ ഇരുൾ വീണൊരേകാന്ത വീഥിയിൽ,
ഓർമ്മതൻ ഉയിർവീണ ശവമഞ്ചലിൽ,
വിണ്ണിന്റെ മോഹവും മണ്ണിന്റെ ദാഹവും
ആർദ്രമായ് കേഴും നിമിഷമൊന്നിൽ,
ഒരു പദസരത്തിൻ മുഴക്കമെൻ കാതുകളിൽ
ഏതോ സ്‌മൃതിയായ് മയങ്ങി നിൽപ്പൂ..
ഈണമറിയാത്ത രാഗമെൻ ഹൃദയത്തിൽ
ഓളമുയർത്തി അടങ്ങി നിൽകേ,
പുസ്തകത്താളിൽ ഒളിച്ച മയിൽപീലി
ഓർമയിൽ വന്നെത്തി നിൽകേ,
കുപ്പിവളകൾ ഉടയുന്നൊരാ സ്വനം
നിനവുകളിൽ ഏതോ മുഴക്കമാകേ,
അറിയാതെ എന്മനം തേങ്ങിടുന്നൂ,
എന്റെ ഹൃദയം തുടിച്ചിടുന്നൂ...
അപ്പോൾ,
തേടട്ടെ ഞാനെന്റെ ഹൃദയരാഗം,
തേടട്ടെ ഞാനെൻ മയില്പീലിയെ... !
No comments:
Post a Comment