ആഴ്ചയിലെ ഒരേ ഒരു ശനിയാഴ്ചയാണ്.. നാളെ ഞായർ, അവധി ദിവസം.. പതിവുപോലെ രേണു, മനസിനുള്ളിൽ ഒന്നൊന്നായി അടുക്കി പെറുക്കാൻ തുടങ്ങി..
നമ്മുടെ രേണു ഒരു ബാങ്കിൽ ക്ലാർക്ക് ആണ്.. സന്ദർഭവശാൽ ഭർത്താവിന്റെ വീടിനടുത്തുനിന്ന് ഒരു മൂന്ന് മണിക്കൂർ ദൂരെയാണ് ജോലിസ്ഥലം.. ട്രെയിൻ ഇറങ്ങി ബസ് മാർഗം സഞ്ചരിക്കേണ്ടുന്ന ദൂരം കണക്കാക്കിയാൽ മൂന്നര മണിക്കൂർ.. അതുകൊണ്ട് തന്നെ ഒരു ഹോസ്റ്റലിൽ അന്തേവാസി ആയി കൂടിയിരിക്കുന്നു.. സാധാരണ ഗതിയിൽ ക്ലർക്കുമാർക്ക് വീടിനടുത്താണ് പോസ്റ്റിങ്ങ് കിട്ടാറെങ്കിലും മാനേജ്മെന്റ് ഉം യൂണിയൻ ഉം തമ്മിലുള്ള ബലം പിടുത്തത്തിൽ ബലിയാടു ആകേണ്ടി വന്ന ഒരു പാവം..
ഭർത്താവ് വരുൺ ഒരിടത്തരം ബിസിനസ് കാരൻ ആണ്.. ഇടത്തരം ആയതുകൊണ്ട് തന്നെ ഭാര്യയോട് ജോലി വേണ്ടെന്നു നിർബന്ധിച്ചു വീട്ടിൽ നിർത്താൻ തുനിയുന്നില്ലെന്നു മാത്രമല്ല, ജോലി നിർത്തിയാലോ എന്ന് ചോദിക്കുന്ന ഭാര്യയോട്, കുടുംബത്തിന്റെ നല്ലതിന് വേണ്ടി ഒന്ന് ക്ഷമിക്കു എന്ന് പറയുന്ന ഒരു സാധാരണ ഭർത്താവ്.. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല..
മകൻ രണ്ടര വയസ്സുകാരൻ വിയാൻ.. തല്കാലത്തേക് രേണു വിന്റെ വീട്ടിൽ അമ്മയോടും അച്ഛനോടും ഒപ്പം താമസം.. വരുണിന് ജോലിതിരക് ഉള്ളതിനാലും, അച്ഛൻ നോക്കിയാൽ കുഞ്ഞുങ്ങൾ ശരിയായി വളരില്ലാത്തതിനാലും അമ്മയുടെ വീട്ടിൽ നിന്ന് വളരുന്നു..
നമുക്ക് തിരികെ രേണുവിന്റെ അടുക്കി പെറുക്കലിലോട്ടു വരാം..
ഈ ആഴ്ച എന്തായാലും നേരത്തെ മോന്റെ അടുത്ത് എത്തണം, പാവം പാല് കുടിക്കണ പ്രായത്തിൽ അമ്മയെ കാണാതെ ഇരിക്കുന്നെ അല്ലെ.. അവൻ മറന്നു പോവോ ആവോ അമ്മ ആരാണെന്നു. അവനെ പറഞ്ഞിട്ട് കാര്യമില്ല ആഴ്ചയിൽ കുറച്ചു മണിക്കൂർ മാത്രം അല്ലെ കാണുന്നുള്ളൂ ആകെ.. കഴിഞ്ഞ ആഴ്ച എന്തായാലും അവന്റെ ഒപ്പം ഒട്ടും സമയം കിട്ടിയില്ല.. യാത്രയും ഒതുക്കലും, പണികളും ആയിട്ട് അവനെ ഒന്ന് മര്യാദക്ക് കൊഞ്ചിക്കാൻ പോലും പറ്റിയില്ല.. ഈ ആഴ്ച എന്തായാലും അതു വയ്യ..
അവന്റെ കൂടെ കളിക്കണം കുറെ നേരം. അവനെ കൊണ്ട് പുറത്തു ഒകെ ഒന്ന് പോകണം.. പാർക്ക് ഒകെ കാണിക്കണം.. കുറച്ചു ഉടുപ്പ് ഒകെ എടുക്കണം.. കഥ പറഞ്ഞു ഊണ് കൊടുക്കണം.. എല്ലാത്തിനും വരുണിന്റെ വീട്ടിൽ ചെന്നാൽ ഉടൻ തന്നെ ഇറങ്ങണം അവന്റെ അടുത്തേക്ക്. ഒരു കാര്യം ചെയാം വരുണിനോട് റെഡി ആയി ഇരിക്കാൻ പറയാം. അതാകുമ്പോൾ നേരെ ചെന്ന് ബാഗ് വെച്ചിട്ടു ഇറങ്ങാമല്ലോ.. അങ്ങിനെ അങ്ങിനെ പ്ലാനിങ് കഴിഞ്ഞ് സമയം ഏതാണ്ട് 3.45..
4മണിക്ക് ക്യാഷ് ക്ലോസ് ചെയ്താൽ മാനേജർനോട് ഇറങ്ങിക്കോട്ടെ എന്ന് ചോദിക്കാം.. ട്രെയിൻ 4.45 നു ആണ്.. വൈകിയാൽ ചിലപ്പോൾ ട്രെയിൻ മിസ്സ് ആകും പിന്നെ ഈ ആഴ്ച വീട്ടിൽ പോകാൻ പറ്റുമോ എന്ന് അറിയില്ല.. ഇതിനു മുന്നേ സംഭവിച്ചിട്ടുണ്ട് അങ്ങിനെ..
4 മണിക്ക് ഇറങ്ങാൻ നേരം മാനേജർ അധികം ഒന്നും പറഞ്ഞില്ല.. എല്ലാവരും ദൂരെ നിന്നുള്ളവർ തന്നെയാ, ചിലർ മാത്രം നേരത്തെ ഇറങ്ങുന്നത് ആർക്കും അത്ര പിടിക്കില്ല എന്ന് മാത്രം പറഞ്ഞു നിർത്തി..
ട്രെയിൻ ഓൺ ടൈം ആയിരുന്നു.. 4.50 നു സ്റ്റേഷൻ ഇൽ എത്തി.. പതിവിലും നേരത്തെ വീടിനടുത്തുള്ള സ്റ്റേഷൻ ഇൽ ഇറങ്ങാൻ പറ്റിയപ്പോൾ അവൾക്കു വളരെ സന്തോഷം തോന്നി.. ഒരു ദിവസമെങ്കിലും തന്റെ പ്ലാൻ അനുസരിച്ചു കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ.. ഓട്ടോ പിടിച്ചു വീട് എത്തിയപ്പോൾ 7.45 ആകുന്നെ ഉള്ളു..
ആ നീ വന്നോ രേണു, ഇന്ന് നേരത്തെ ആണല്ലോ.. അമ്മായിഅമ്മ ആണ്.. വരുൺ വന്നു കയറിയിട്ടേ ഉള്ളൂ.. നീ അവനു ഒരു ചായ ഇട്ടു കൊടുക്ക്.. നീയും കുടിച്ചോ എന്നിട്ട് പോകാൻ നോക്ക്.. മോൻ നോക്കി ഇരിക്കുന്നുണ്ടാകും..
ശെരി അമ്മേ എന്ന് പറഞ്ഞു അകത്തേക്ക് കയറാനെ സാധിച്ചുള്ളൂ.. ഭർത്താവ് അവിടെ സെറ്റിയിൽ ചാരി വെച്ച പോലെ ഇരിക്കുന്നുണ്ട്.. കൈയിൽ മൊബൈൽ ഉം ഉണ്ട്.. ചായ വെച്ച്.. ഒരു ഗ്ലാസ് കുടിക്കാനെടുത്തു ഒരു ഗ്ലാസ് വരുണിനും..
കുടിച്ചിട്ട് നമുക്ക് ഇറങ്ങാം അല്ലെ.
ഞാൻ ഒന്ന് കുളിക്കട്ടെടി നല്ല ക്ഷീണം ഉണ്ട്.. വന്നു കയറിയാതെ ഉള്ളു..
അവിടെ പോയി കുളിച്ചാൽ പോരെ..
ഏയ് അതൊന്നും ശെരി ആകില്ല.. നമുക്ക് പോകാം നെ.. നീ കെടന്നു പെടക്കാതെ..
കുളി കഴിഞ്ഞു, ഒരുക്കം കഴിഞ്ഞു..
ഇനി നമുക്ക് പോകാലോ..
എടി ചോർ ഉണ്ടിട്ടു പോകാം.. അമ്മ നല്ല മീൻ വറുത്തു വെച്ചിട്ടുണ്ട്.. അവിടെ ഒന്നും കാണില്ല.. നീയും കഴിക്കുന്നുണ്ടോ??
ഉള്ളിന്റെ ഉള്ളിൽ എവിടൊക്കെയോ വേദനിക്കുന്ന പോലെ ഒരു തോന്നൽ രേണുവിന്.. തോന്നൽ മാത്രമാണോ അത്??
എല്ലാം കഴിഞ്ഞു വീട്ടിൽ ചെന്ന് കയറുമ്പോൾ ഏതാണ്ട് പത്തു മണി.. നീ എന്താ നേരത്തെ ഇറങ്ങാഞ്ഞെ രേണു കുഞ്ഞു ഉറങ്ങി എന്ന് വ്യാകുലപ്പെടുന്ന അമ്മയോട് ഒന്നും പറയാതെ അകത്തു കയറി.. ചരിഞ്ഞു കിടന്നു ഉറങ്ങുന്ന കുഞ്ഞിനെ കണ്ണ് നിറയെ കണ്ടു.. അവനോട് ചേർന്ന് കിടന്നു.. ഉറക്കത്തിലെപ്പോളോ അവന്റെ കുഞ്ഞി കൈ തന്നെ പരതി അമ്മ എന്ന് പറഞ്ഞത് പോലെ അവൾക്കു തോന്നി..
രാവിലേ തന്നെ അമ്മ വന്നു കുത്തി പൊക്കി.. വേഗം എഴുന്നേറ്റു റെഡി ആകാൻ നോക്ക് മോളെ.. അങ്ങോട്ട് പോകേണ്ടേ.. വെറുതെ അവരെക്കൊണ്ട് പറയിപ്പിക്കാൻ നിക്കേണ്ട..
എഴുന്നേറ്റു തയ്യാറാകുന്ന വഴി എല്ലാം അവൾ ചിന്തയിൽ ആയിരുന്നു.. തന്റെ പദ്ധതികൾ ഒന്നും എന്താണ് പ്രാവർത്തികമാകാത്തത് എന്നവൾക്ക് മനസിലായില്ല..
വരുണിന്റെ വീട്ടിൽ അമ്മ കാത്തിരിക്കുക ആയിരുന്നു.. വാവേ എന്ന് വിളിച്ചു കുഞ്ഞിനെ അവർ വാരിയെടുത്തു..
ഞാനും എന്റെ കൊച്ചുമോനും ഒന്ന് കളിക്കട്ടെ. നീ ചെന്ന് ഉച്ചത്തേക്കുള്ളത് നോക്ക് രേണു, അവർ പറഞ്ഞു.. ഉച്ചത്തേക്കുള്ളതും ആക്കി കുളിയും കഴിഞ്ഞു, എല്ലാരുടെയും ഊണും കഴിഞ്ഞപ്പോളേക്കും അമ്മ കുഞ്ഞിനെ ഉറക്കാൻ കിടത്തിയിരുന്നു.. അവൻ നന്നായി ഒന്നുറങ്ങട്ടെ. അവർ പറഞ്ഞു..
അല്ലമ്മാ, അവനെ കൊണ്ട് പാർക്ക് ഇൽ ഒകെ ഒന്ന് പോകണം എന്നുണ്ടായിരുന്നു..
എന്റെ രേണു, ഞങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ട് പോയതേ ഉള്ളു അവനെ പാർക്ക് ഇൽ എല്ലാം.. ഇനി ഇപ്പൊ ഇന്ന് കൊണ്ട് പോകുവൊന്നും വേണ്ട.. അടുത്ത ആഴ്ച ഞങ്ങൾ കൊണ്ട് പോയ്കോളാം.. നീ നാളത്തേക്ക് കൊണ്ട് പോകാൻ ഉള്ളതൊക്കെ എടുത്തു വെക്കു.. വൈകിട്ടത്തേക്ക് വരുണിന് എന്താ ഇഷ്ടം എന്ന് ചോദിച്ചു ഉണ്ടാക്കി കൊടുക്ക്.. അവൻ വല്ലപ്പോളും എങ്കിലും ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കട്ടെ.. രാത്രി ചപ്പാത്തിയോ എന്താണെന്നു വെച്ചാൽ കുഴച്ചു വെക്കു.. അതൊക്കെ നോക്ക്.. ആകെ ഒരു ദിവസം വീട്ടിൽ വരുമ്പോ കറങ്ങാൻ പോകാഞ്ഞിട്ട ഇനി..
അടുക്കലും ഒതുക്കലും കഴിഞ്ഞ് കിടക്കാണായപ്പോൾ ഒരു സമയമായി.. ഉറക്കാൻ നോക്കുമ്പോൾ മോൻ ഒരേ കരച്ചിൽ.. അവസാനം അമ്മ വന്നു എടുത്ത് ഉറക്കി തന്നു.. പരിജയം ഇല്ലാഞ്ഞിട്ട എന്നൊരു കുത്തലും.
നാളെ ഇനി അമ്മയും അച്ഛനും വന്നു മോനെ കൊണ്ട് പോകും.. രാവിലെ 6 മണിക്ക് താൻ ഇവിടന്നു ഇറങ്ങുമ്പോൾ കുഞ്ഞു ഉണർന്നിട്ടു പോലും ഉണ്ടാകില്ല.. അവൻ തന്നെ അന്വേഷിക്കുമോ.. അവൾ വെറുതെ ഓർത്തു..
അടുത്ത ആഴ്ച എങ്കിലും..
അവൾ അടുത്ത ആഴ്ചത്തേക്കുള്ള പദ്ധതികൾ മെനഞ്ഞു, അന്നത്തേക്ക് തനിക്കു വേണ്ടി എന്താണ് കരുതി വെക്കപ്പെട്ടിട്ടുള്ളത് എന്നറിയാതെ..
താൻ തീരുമാനിക്കാതെ തന്റെ ഒരു പ്ലാനുകളും നടപ്പാകാൻ പോകുന്നില്ല എന്നറിയാതെ.. വെറുതെ...
.................. ............. ............. .................. .... ...
Saturday, March 22, 2025
ഒരിക്കൽ കൂടി...
ഒരിക്കൽ എഴുതിയ പേനയുടെ മുനയൊടിച്ചു കളഞ്ഞതാണ്..
ചോദ്യങ്ങൾക്കു പിന്പേ ചോദ്യച്ചിഹ്നം ഇടാതെ അവസാനിപ്പിച്ചതാണ്..
ആയിരം എതിർപ്പുകൾ ഉള്ളിൽ ഉറവ് പൊട്ടുമ്പോളും ഒരക്ഷരം എതിർക്കാതെ ഉള്ളിൽ ഒതുക്കിയതാണ്..
എന്നാൽ ഇന്ന്, ചോദ്യങ്ങൾ തൊണ്ടകുഴിയിൽ വിങ്ങി നിൽക്കുമ്പോൾ വാക്കുകളുടെ മൂർച്ച നഷ്ടപ്പെട്ടു പോയത് അറിയുന്നു..
തേച്ചു അരം വെയ്പ്പിച്ചു മിനുക്കി എടുത്ത വാക്കുകൾ, അർത്ഥം തികക്കാനാകാതെ ഉള്ളിൽ വീർപ്പുമുട്ടുന്നു...
വളരണം ഒരിക്കൽ കൂടി..
ഒരു മരം പോലെ.. വളർച്ച നിലക്കാതെ..
പരന്നു, തായി വേരിന് കട്ടി കൂട്ടി അടരുകളായി വളരണം..
കാരണം വളർച്ച നിലക്കുന്നത് മരണത്തോടൊപ്പമത്രേ...
Wednesday, March 19, 2025
Saturday, March 15, 2025
പ്രണയം
ഇന്നീ രാത്രിയിൽ ഇരുട്ടിലേക് നോക്കി ഇരിക്കുമ്പോൾ ഒരു ചോദ്യം മാത്രം ബാക്കി. പരസ്പരം മനസിലാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്ന ഈ അവസ്ഥ ആണോ പ്രണയത്തിന്റെ രണ്ടാം ഭാഗം?
സ്നേഹം : നീ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന് ഓർത്തു വ്യാകുലപ്പെട്ടു, ദൈവം തന്ന ഏറ്റവും വലിയ നിധി എന്ന് നിന്നെ വിശേഷിപ്പിച്ച ആ ദിവസങ്ങൾ ഒരു തമാശ പോലെ ഇടയ്ക്കിടെ തെളിഞ്ഞു വരുന്നു.
എവിടെയാണ് എങ്ങിനെയാണ് പ്രണയം വൈരാഗ്യം ആയി മാറുന്നത്? നിന്റെ സ്നേഹത്തെ, സ്നേഹത്തിൽ പൊതിഞ്ഞ കൊഞ്ചലുകളെ, ചെറിയ സൗന്ദര്യ പിണക്കങ്ങളെ അവൻ വാശിയായി കണ്ടു കുറ്റപ്പെടുത്തുമ്പോളോ..
നിന്നെ മനസിലാക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ നീ ചെയ്തത് എല്ലാം തെറ്റാണു എന്ന് കുറ്റപ്പെടുത്തുമ്പോളോ...
നിന്നെ ചേർത്ത് പിടിച്ചു, ഇവളെ നിങ്ങൾ ആരും കുറ്റപ്പെടുത്തേണ്ട എന്ന് പറയും എന്ന് പ്രതീക്ഷിക്കുമ്പോൾ, അവരോടൊപ്പം ചേർന്ന് തള്ളി പറയുമ്പോളോ...
എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ പ്രണയം മുങ്ങി മരിക്കുന്നു.. അല്ലെങ്കിൽ മുക്കി കൊല്ലുന്നു..
ഒരു നിമിഷത്തിലെ ഞാനെന്ന ഭാവം, ഒരു നൂറ്റാണ്ടിന്റെ അകലം മനസുകൾക്ക് ഇടയിൽ വരുത്തുമ്പോൾ, ഈ രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയിലേക്കു നോക്കി ഉരുവിടാം, ഞാൻ നിന്നെ സ്നേഹിച്ചിരുന്നു, പ്രണയിച്ചിരുന്നു...
കൈ വിട്ടു പോയാലും നിനക്കൊന്നുമില്ല എന്നാ അഹങ്കാര ഭാവത്തിൽ നീയും, അതേ ഭാവത്തിൽ ഞാനും ഇരിക്കുമ്പോൾ, ഇടയിലെവിടെയോ നമ്മുടെ പ്രണയം ശ്വാസം കിട്ടാതെ അലറിവിളിക്കുന്നു...
Friday, March 14, 2025
മയില്‍പ്പീലി
രാവിന്റെ ഇരുൾ വീണൊരേകാന്ത വീഥിയിൽ,
ഓർമ്മതൻ ഉയിർവീണ ശവമഞ്ചലിൽ,
വിണ്ണിന്റെ മോഹവും മണ്ണിന്റെ ദാഹവും
ആർദ്രമായ് കേഴും നിമിഷമൊന്നിൽ,
ഒരു പദസരത്തിൻ മുഴക്കമെൻ കാതുകളിൽ
ഏതോ സ്‌മൃതിയായ് മയങ്ങി നിൽപ്പൂ..
ഈണമറിയാത്ത രാഗമെൻ ഹൃദയത്തിൽ
ഓളമുയർത്തി അടങ്ങി നിൽകേ,
പുസ്തകത്താളിൽ ഒളിച്ച മയിൽപീലി
ഓർമയിൽ വന്നെത്തി നിൽകേ,
കുപ്പിവളകൾ ഉടയുന്നൊരാ സ്വനം
നിനവുകളിൽ ഏതോ മുഴക്കമാകേ,
അറിയാതെ എന്മനം തേങ്ങിടുന്നൂ,
എന്റെ ഹൃദയം തുടിച്ചിടുന്നൂ...
അപ്പോൾ,
തേടട്ടെ ഞാനെന്റെ ഹൃദയരാഗം,
തേടട്ടെ ഞാനെൻ മയില്പീലിയെ... !
ഓർമ്മതൻ ഉയിർവീണ ശവമഞ്ചലിൽ,
വിണ്ണിന്റെ മോഹവും മണ്ണിന്റെ ദാഹവും
ആർദ്രമായ് കേഴും നിമിഷമൊന്നിൽ,
ഒരു പദസരത്തിൻ മുഴക്കമെൻ കാതുകളിൽ
ഏതോ സ്‌മൃതിയായ് മയങ്ങി നിൽപ്പൂ..
ഈണമറിയാത്ത രാഗമെൻ ഹൃദയത്തിൽ
ഓളമുയർത്തി അടങ്ങി നിൽകേ,
പുസ്തകത്താളിൽ ഒളിച്ച മയിൽപീലി
ഓർമയിൽ വന്നെത്തി നിൽകേ,
കുപ്പിവളകൾ ഉടയുന്നൊരാ സ്വനം
നിനവുകളിൽ ഏതോ മുഴക്കമാകേ,
അറിയാതെ എന്മനം തേങ്ങിടുന്നൂ,
എന്റെ ഹൃദയം തുടിച്ചിടുന്നൂ...
അപ്പോൾ,
തേടട്ടെ ഞാനെന്റെ ഹൃദയരാഗം,
തേടട്ടെ ഞാനെൻ മയില്പീലിയെ... !
Tuesday, March 11, 2025
Monday, March 10, 2025
Sunday, March 9, 2025
Tuesday, March 31, 2020
ഹൃദയത്തിന്റെ പാതി
ഒരു തിരിച്ചുവരവ് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഒരു തുള്ളി കണ്ണുനീർ പോലും പുറത്തു വീഴാതെ ഉള്ളിൽ കരഞ്ഞു തീർത്തു പടിയിറങ്ങിയതാണ് വര്ഷങ്ങള്ക്കു മുൻപ്. വീണ്ടും ഒരിക്കൽ കൂടെ, പുതിയൊരു വേഷത്തിൽ ഭാവത്തിൽ...
എല്ലാത്തിനും തുടക്കം കുറിച്ചത് എന്നായിരുന്നു? ഓർമകൾക്ക് ഒത്തിരി പഴക്കം ഉണ്ടെങ്കിലും അവ സമ്മാനിക്കുന്ന നീറ്റലിനു ഇന്നും ഉണക്കം തട്ടിയിട്ടില്ല. കോളേജിന്റെ ആരവങ്ങൾ, ഫ്രഷേഴ്‌സ് ഡേ യുടെ തിളക്കം, മിന്നി മാഞ്ഞു പോകുന്ന ചില വൺ സൈഡ് ക്രഷ്സ്, ഇതു മാത്രമല്ല ഓരോ ഓർമകളിലും കണ്ണിൽ നനവൂറുന്ന ഒന്നു കൂടെയുണ്ട് ഈ കോളേജ് നെ പറ്റി ഓർക്കുമ്പോൾ എല്ലാം.
ഹൃദയത്തിന്റെ നന്മ യും മനസിന്റെ തിളക്കവും കണ്ണിൽ നിറച്ചു സ്നേഹത്തോടെ തല്ലു കൂടുന്ന കുറുമ്പ് കാട്ടുന്ന വഴക്ക് പറയുന്ന ഒരുവനുണ്ട്. അവന്റെ സ്വരവും മുഖവുമാണ് ഓരോ ഓർമകൾക്കും.
അവളും കൂട്ടുകാരിയും ആ കൂട്ടുകാരനും അവർ ഒരുമിച്ചു കണ്ടു തീർത്ത കുറെയേറെ സ്വപ്നങ്ങളും പ്രതീക്ഷകളും. ചിലർ നമ്മിലേക്ക് അടുത്ത് വരുമ്പോൾ അവർ ഹൃദയത്തിൽ ചേർക്കപെടുന്നത് അവരോടൊപ്പം ചിലവിട്ട സമയത്തിന് ആനുപാതികമായി ആയിരിക്കണമെന്നില്ല.. മറിച്ചു ഹൃദയത്തിന്റെ നഷ്ടപ്പെട്ടു പോയ ഒരു ഭാഗം തിരികെ ചേരുന്നത് പോലെ അവർ നമ്മിലേക്ക് വിളക്കി ചേർക്കപെടുന്നു. തികച്ചും സ്വാഭാവികമായി. പരസ്പര ബന്ധമില്ലാത്ത സ്വഭാവങ്ങൾക് ഉടമയായ അവർ മൂന്നു പേരും കൂട്ടുകാരായതിനു വേറെ ഒരു ന്യായീകരണവും പറയാനില്ലായിരുന്നു.
ജീവിതത്തെ കുറിച് യാതൊരു തിരിച്ചറിവുമില്ലാതെ ഇരുന്ന അവൾക് പലപ്പോളും ലക്ഷ്യബോധത്തിന്റെ മാർഗം കാണിച്ചു കൊടുത്തത് അവനായിരുന്നു. അവനും കൂട്ടുകാരിക്കും ഇടയിലെ ഈഗോ ക്ലാഷ് കൾക്ക് പാലമിട്ടത് അവളായിരുന്നു. കുറുമ്പുകൾ കൊണ്ടും കുഞ്ഞു പിണക്കങ്ങൾ കൊണ്ടും അവർക്കിടയിൽ അടുപ്പത്തിന്റെ ചങ്ങലകണ്ണികൾ നെയ്തിട്ടത് കൂട്ടുകാരിയും..
കൈ മാറുന്ന പുസ്തകങ്ങളിലൂടെയും സിനിമ കളിലൂടെയും പാട്ടുകളിലൂടെയും യാത്രകളിലൂടെയും, കാന്റീൻ ഫുഡ് മടുക്കുമ്പോൾ അവൻ വീട്ടിൽ നിന്നു കൊണ്ട് തന്നിരുന്ന ഭക്ഷണത്തിലൂടെയും അവരുടെ ഹൃദയത്തിൽ ഏറ്റവും പ്രിയപ്പെട്ടവൻ ആയി മാറിയിരുന്നു അവൻ. ഇന്നും എല്ലാം സന്തോഷം മാത്രമായിരുന്നേനെ ആ നശിക്കപ്പെട്ട ദിവസം വന്നില്ലായിരുന്നെങ്കിൽ...
അന്നും എല്ലാ സന്തോഷത്തോടെയും, ക്ലാസ്സ് ടെസ്റ്റുകളെയും സെമിനാറുകളെയും പറ്റി മാത്രമുള്ള പരിഭ്രമത്തോടെയും ഹോസ്റ്റലിലേക്ക് ബസ് കയറാൻ കാത്തു നിൽക്കുക ആയിരുന്നു അവർ. കൂട്ടുകാരിയുടെ ഫോണിലേക്കു ഹോസ്റ്റൽ റൂം മേറ്റ് ഇൽ നിന്നു വന്ന കാൾ അവരുടെ ജീവിതം മാറ്റി മറിച്ചു, എന്നെന്നേക്കുമായി.
കൂട്ടുകാരൻ ആത്മഹത്യ ചെയ്തിരിക്കുന്നു...
കാരണം അറിയില്ല. ആർക്കും. അമ്മക്കും അച്ഛനും സുഹൃത്തുകൾക്കും ആർക്കും. കോളേജ് അവധിയും അവന്റെ വീട്ടിലെ സന്ദർശനവും, ക്ലാസ്സ്‌മേറ്റ്സ് ന്റെ കൂടെ കൂടെയുള്ള അന്വേഷണവും എല്ലാത്തിനുമൊടുവിൽ സാവധാനത്തിൽ എല്ലാവരും മറവിയുടെ പേജുകൾക്കിടയിൽ അവനെ ഒളിപ്പിച്ചു വെച്ചു..
അവൻ ആത്മഹത്യ പ്രവണത ഉള്ളവൻ ആയിരുന്നെന്നു പിന്നീട് അറിഞ്ഞു. ഡിപ്രെഷൻ അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നെന്നും.. അവളും കൂട്ടുകാരിയും ഒന്നുചിരുന്നും അല്ലാതെയും കരഞ്ഞു പലപ്പോളും. തങ്ങളോട് മരണത്തെ പറ്റി പലപ്പോളും അവൻ പറഞ്ഞിരുന്നല്ലോ എന്നും തങ്ങൾക്കു ഒന്നും വ്യാഖ്യാനിച്ചു എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നും ഓർത്തു അവർ വേദനിച്ചു. ദുഖത്തിന്റെ ആഴങ്ങൾക്കൊടുവിൽ അവർ പരസ്പരം ഉള്ള സംസാരങ്ങളും അവസാനിപ്പിച്ചു.
വേദനയിൽ നിന്നും വേദനകളിലേക് നടന്നു പോകാൻ വയ്യാത്തതിനാൽ അവർ പല പല ജീവിത ലക്ഷ്യങ്ങൾ നിശ്ചയിച്ചു, അവയുടെ പൂർത്തീകരണത്തിനായി അലഞ്ഞു..
ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ ഒന്നാശ്വസിക്കാനായി കാണപ്പെടേണ്ട തണൽ മരം വെട്ടി പോയിരിക്കുന്നു. ഒരു കോളേജ് കാലമോ അവിടുത്തെ സൗഹൃദങ്ങളോ ഓർമയിൽ തേൻ പുരട്ടാനില്ല..
ഒടുവിൽ വർഷങ്ങൾക്കു ശേഷം താൻ പഠിച്ച കോളേജ് ഇൽ തന്നെ അധ്യാപികയായി ജോയിൻ ചെയുമ്പോൾ അവളുടെ മനസിലും മുന്നോട്ടു കൊണ്ടുപോകേണ്ട ജീവിതം മാത്രമായിരുന്നു.. ഒരു തുള്ളി സന്തോഷം പോലും ബാക്കി വെക്കാതെ തന്നിൽ നിന്നും അവൻ കവർന്നെടുത്തതു എന്തോകെയായിരുന്നെന്നു അവളോർത്തു.
ആത്മഹത്യാ ചെയ്യുന്നവരെ നിങ്ങൾ കവർന്നെടുക്കുന്നത് ഒരു ജീവിതം മാത്രമല്ലെന്നും ഒരുപാടു പേരുടെ ഹൃദയത്തിന്റെ പകുതികളാണെന്നും....
Friday, November 21, 2014
TRAPPED
Its a blind end...
And a trap...
Seems like a honey trap.
Sweet in the beginning.
More and more sweet,
Until the truth stands revealed...
No way to escape,
No way to leave,
It is the knowledge that makes you
more trapped.
Until the day end,
We think of escape,
And when the night starts,
Too tired to act...
Just like that,
Days pass,
Days end,
And no light......!!!!!
Subscribe to:
Posts (Atom)
-
പനിച്ചൂടിൽ ശരീരം വിറക്കുകയും വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. കാഴ്ച്ചയിൽ മഞ്ഞ നിറം കളർന്നുകൊണ്ടേയിരുന്നു.. ഏറെകഴിയും മുൻപേ വര്ണങ്ങൾ...
-
ഒരിക്കൽ എഴുതിയ പേനയുടെ മുനയൊടിച്ചു കളഞ്ഞതാണ്.. ചോദ്യങ്ങൾക്കു പിന്പേ ചോദ്യച്ചിഹ്നം ഇടാതെ അവസാനിപ്പിച്ചതാണ്.. ആയിരം എതിർപ്പുകൾ ഉള്ളിൽ ഉറവ് പൊട...